കണ്ണൂർ: വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിരക്ഷാ വിഭാഗം രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 9.15 ഓടെ കണ്ണൂർ കാൾടെക്സിലാണ് സംഭവം.
നീതി ലാബിൽ ജോലിചെയ്യുന്ന എം.സി.സുറൂറ (22), പി. നിഷ്മ (21) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ജോലിക്ക് സ്ഥാപനത്തിലേക്ക് പോകുന്നതിനിടെ ഇരുവരും കയറിയ ലിഫ്റ്റിന്റെ പ്രവർത്തനം വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഒന്നാം നിലയുടെയും രണ്ടാം നിലയുടെയും ഇടയിൽ നിലയ്ക്കുകയായിരുന്നു.
ഉടൻതന്നെ സുറൂറ അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിച്ചു. തുടർന്ന് അസി. സ്റ്റേഷൻ ഓഫീസർ ജിബി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ലിഫ്റ്റ് താഴേക്കിറക്കി ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ തുറന്ന് രണ്ടുപേരെയും രക്ഷപ്പെടുത്തി.
രക്ഷാപ്രവർത്തനത്തിൽ അഗ്നിശമന വിഭാഗത്തിലെ രാകിത്ത് രാജു, ഷായിബാസ്, ശ്രീകേഷ്, വിപിൻ, ഉണ്ണികൃഷ്ണൻ, നിജിൽ എന്നിവർ പങ്കെടുത്തു.